ചേർന്നിരിക്കട്ടെ നമ്മുടെ കുടുംബങ്ങൾ
നബി(സ്വ) പറഞ്ഞു: അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ കുടുംബ ബന്ധത്തെ ചേർത്തു നിർത്തട്ടെ (ബുഖാരി).
സ്വിലതുർറഹിം അഥവാ കുടുംബബന്ധം ചേർക്കൽ ഇസ്‌ലാം വളരെ പ്രാധാന്യം കൽപിച്ച ജീവിത ധർമമാണ്. മാതൃപിതൃ വഴിയിലുള്ള കടുംബങ്ങളാണ് ഇത് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. എന്റെ ഉമ്മ/ഉപ്പ, എന്റെ മകൻ/മകൾ എന്ന ബന്ധം നൈസർഗികമായി തന്നെ ഊഷ്മളമാണ്. ഈ ഊഷ്മളത സ്വന്തം മാതൃ-പിതൃ സഹോദരങ്ങളിലേക്കും പരക്കുന്നുണ്ട്. പക്ഷേ, അവരുടെ വിവാഹ ബന്ധങ്ങളും രണ്ടാം തലമുറയായ സന്തതികളും പരസ്പരം വിവാഹ ബന്ധം അനുവദനീയമാകുന്ന വിധത്തിൽ അകൽച്ച പ്രാപിക്കുന്നുണ്ട്. അനന്തരാവാകാശത്തിൽ ഒന്നാം സ്ഥാനത്തില്ലെങ്കിലും പവിത്രവും ഗൗരവവുമാണീ ബന്ധവും. എന്റെ ഉമ്മ, എന്റെ ഉപ്പ എന്ന് പറയുന്നതിൽ നിന്നും വളരെ അകലെ യല്ലല്ലോ എന്റെ മൂത്തമ്മ, എന്റെ അമ്മാവൻ, എന്റെ അമ്മായി, എന്റെ മൂത്താപ്പ എന്നൊക്കെ പറയുന്നത്.ദവുൽഅർഹാം എന്ന് വ്യവഹരിക്കുന്ന ബന്ധുക്കളോട് അടുപ്പം നിലനിർത്തുന്നതിൽ വരാനിടയുള്ള പോരായ്മ മറികടക്കാൻ പ്രചോദനമാകുന്ന ഉണർത്തലാണ് തിരുനബി(സ്വ) ഉപരി ഹദീസിലൂടെ നൽകിയി രിക്കുന്നത്. തന്റെ വിശ്വാസം സംരക്ഷിക്കാൻ വിശ്വാസി കാണിക്കുന്ന ജാഗ്രത കുടുംബബന്ധം സംരക്ഷിക്കാനും കാണിക്കണം. സത്യവിശ്വാസി കുടുംബ ബന്ധം നിലനിർത്തുന്നതിൽ കണിശത പുലർത്തുന്നവനായിരിക്കും.
കുടുംബ ബന്ധത്തിന്റെ ഗൗരവത്തെ കുറിച്ച് ധാരാളം ഓർമപ്പെടുത്തലുകൾ ഖുർആനിലും ഹദീസിലും മഹദ് വചനങ്ങളിലുമുണ്ട്. റസൂൽ(സ്വ) അരുളി: അല്ലാഹു പറയുന്നു; ഞാൻ അല്ലാഹു. ഞാൻ റഹ്‌മാൻ. ഞാൻ റഹിമിനെ(കുടുംബബന്ധത്തെ) സൃഷ്ടിച്ചു. എന്റെ പേരിൽ(റഹ്‌മാൻ എന്നതിൽ) നിന്ന് ഞാനതിന് പേരു(റഹിം എന്ന്) നൽകി. അതിനെ വേർപെടുത്താതെ ആരെങ്കിലും സംരക്ഷിക്കുന്നുവെങ്കിൽ ഞാൻ അവനെ ചേർത്തുനിർത്തും. ആരെങ്കിലും ആ ബന്ധം വിച്ഛേദിച്ചാൽ അവനുമായുള്ള ബന്ധത്തെ ഞാനും വിച്ഛേദിക്കും (തുർമുദി).
റഹ്‌മാൻ എന്നത് അല്ലാഹുവിന്റെ നാമങ്ങളിൽ രണ്ടാമത്തേതാണ്. അതിൽ നിന്നാണ് കുടുംബ ബന്ധത്തെ സൂചിപ്പിക്കുന്ന റഹിം എന്നതെടുത്തിരിക്കുന്നത്. അഥവാ റഹ്‌മാൻ എന്ന നാമവും റഹിം എന്ന വി ശേഷണവും തമ്മിലുള്ള ബന്ധം വേർപെടുത്താൻ സൃഷ്ടികൾക്ക് അവകാശവും സ്വാതന്ത്ര്യവുമില്ല. പക്ഷേ, ഈ അടുപ്പത്തിൽ അകൽച്ചയുടെ സാധ്യത സ്വാഭാവികമാണ്. സാമൂഹികവും സാമ്പത്തികവുമായ വൈ ജാത്യങ്ങൾ ഇതിന് കാരണവുമായേക്കാം. ഇവിടെ സത്യവിശ്വാസിയുടെ ദൗത്യം അല്ലാഹുവിന്റെ നിശ്ചയത്തോടൊപ്പം നിൽക്കുക എന്നതാണ്. പരസ്പരമുള്ള ബന്ധത്തെ ശക്തിപ്പെടുത്താനും മനോഹരമാക്കാനും അവൻ ശ്രമിക്കണം. വിരുദ്ധവും വിഘാതവുമാകുന്ന ഒന്നിനും തന്റെ ഭാഗത്തുനിന്ന് കാരണങ്ങളുണ്ടാകരുത്.
കുടുംബബന്ധം ചേർക്കുകയും അതുവഴി നല്ല സാമൂഹിക സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുകയെന്നത് അനിവാര്യതയാണ്. ഇതിനെ കേവലമൊരു ജീവിതാവശ്യമായി കാണുകയല്ല ഇസ്‌ലാം. വിശ്വാസിയുടെ ഇസ്‌ലാമിക വ്യക്തിത്വത്തെ സംരക്ഷിക്കുന്നതിലും അതിനെ അടയാളപ്പെടുത്തുന്നതിലും വലിയ പങ്ക് കുടുംബബന്ധം ചേർക്കലിനുണ്ട്. അത് കാത്തുസൂക്ഷിക്കുന്നതിലൂടെ ലഭ്യമാകുന്ന നേട്ടങ്ങളും വിച്ഛേദിച്ചാലുള്ള നഷ്ടങ്ങളും ശ്രദ്ധേയം. അതോടൊപ്പം സ്വർഗാവകാശത്തിനും ആയുസ്സിലും ജീവിത വിഭവങ്ങളിലുമുള്ള വർധനവിനും വിശാലത ലഭിക്കാനും അത് കാരണമാകും.
അല്ലാഹുവിന് ഇബാദത്തെടുക്കാനും അവനോട് ഒന്നിനെയും പങ്കുചേർക്കാതിരിക്കാനും നിർദേശിച്ച ശേഷം, മാതാപിതാക്കൾക്കും കുടുംബങ്ങൾക്കും ഗുണം ചെയ്യാൻ അല്ലാഹു നിർദേശിക്കുന്നു. അഥവാ അല്ലാഹുവിന് ഇബാദത്ത് ചെയ്യുക എന്നതിന്റെ പൂരണമാണ് ശിർക്ക് ചെയ്യാതിരിക്കുക എന്നത്, അതുപോലെ മാതാപിതാക്കൾക്ക് ഗുണം ചെയ്യുന്നതിന്റെ പൂരണമാണ് കുടുംബത്തിന് ഗുണം ചെയ്യൽ.
നബി(സ്വ)യോട് ഒരാൾ ചോദിച്ചു: എന്നെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന ഒരു സുകൃതം അറിയിച്ചു തന്നാലും. നബി(സ്വ) പറഞ്ഞു: നീ അല്ലാഹുവിനെ ആരാധിക്കുക, ശിർക്ക് ചെയ്യാതിരിക്കുക, നിസ്‌കാരം നിലനിർത്തുക, കൃത്യമായി സകാത്ത് നിർവഹിക്കുക, കുടുംബ ബന്ധം ചേർക്കുക (ബുഖാരി).
നിസ്‌കാരത്തിന്റെയും നോമ്പിന്റെയും സത്യവിശ്വാസത്തിന്റെയും കൂടെയാണ് കുടുംബ ബന്ധം ചേർക്കുന്നതിനെ ചേർത്തു പറഞ്ഞിരിക്കുന്നത്. നിസ്‌കാരം ശരീരത്തിന്റെ സംസ്‌കരണവും സകാത്ത് സമ്പത്തിന്റെ സംസ് കരണവും സാധിക്കുമ്പോൾ ബന്ധങ്ങളുടെ സംസ്‌കരണത്തിനായി കുടുംബബന്ധം ഭദ്രമായിരിക്കണമെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു.
സാധ്യതയുള്ളതും സൗകര്യപ്പെടുന്നതുമായ മാർഗങ്ങളിലൂടെ കുടുംബ ബന്ധം ഭദ്രമാക്കി നിലനിർത്താനും അതുവഴി തന്റെ മുസ്‌ലിം വ്യക്തിത്വത്തെ സംരക്ഷിക്കാനും വിശ്വാസി ജാഗ്രത്താകണം. ഖാള്വീ ഇയാള്(റ) രേഖപ്പെടുത്തി: കുടുംബ ബന്ധം നിലനിർത്തൽ മതപരമായ ഒരു നിർബന്ധ ബാധ്യതയാണ്. അതു കൊണ്ടുതന്നെ, അത് വിച്ഛേദിക്കൽ വൻപാപങ്ങളിൽ പെട്ടതാണ്. എന്നാൽ അതിന്റെ നിർവഹണ രീതികൾ വ്യത്യസ്തമത്രെ. പരസ്പരം സലാം പറഞ്ഞുകൊണ്ടെങ്കിലും അത് സംരക്ഷിക്കണം. പൂർണമായി ചേർത്തു നിർത്താൻ സാധിക്കാതെ വന്നതിന്റെ പേരിൽ ബന്ധം വിച്ഛേദിച്ചവൻ എന്ന് പറയില്ല. സാധിക്കുന്ന കാര്യങ്ങളും ചെയ്യാത്തവനെ കുറിച്ച് ബന്ധം ചേർത്തവൻ എന്നും പറയില്ല (ഇക്മാലുൽ മുഅ്‌ലിം).
നല്ല ബന്ധം സ്ഥാപിച്ചെടുക്കാൻ ഉപകാരപ്രദമായ സാഹചര്യം സൃഷ്ടിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. അസ്വാരസ്യത്തിന്റെയും അസ്വസ്ഥതയുടെയും കാരണങ്ങൾ തലപൊക്കിയാൽ അതവ സാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടത്. എരിതീയിൽ എണ്ണയൊഴിക്കുന്ന സമീ പനങ്ങളും സംസാരങ്ങളും ഗുരുതരമാണെന്ന് ഓർക്കുക. തന്റെ ഭാഗം കൃത്യമായും ശരിയാ ണെന്ന് ഉറപ്പുവരുത്തുകയെന്നത് മുഖ്യമായി കാണണം. പ്രശ്‌നങ്ങളുടെയും ഛിദ്രതയുടെയും കാരണക്കാരൻ താനാകരുത് എന്ന നിർബന്ധബുദ്ധി വിശ്വാസിയുടെ നല്ല ശീലമാണ്. തന്റെ ഭാഗം കൃത്യമായും ശരിയാണെങ്കിൽ അല്ലാഹുവിന്റെ സഹായമുണ്ടാകുമെന്ന് റസൂൽ(സ്വ) പഠിപ്പിച്ചു. ഏതൊരു പിണക്കത്തിന്റെ സാഹചര്യത്തിലും ഇണക്കത്തിന്റെ മാർഗമാണ് വിശ്വാസി ആരായേണ്ടതും സ്വീകരിക്കേണ്ടതും.
Comments
Post a Comment